Wednesday, December 29, 2010

മിക്കി മൌസ് ബെറി.....




മിക്കി മൌസിനെ ഓർമ്മിപ്പിക്കുന്ന ഈ പഴം  ഹരിപ്പാട്ടുള്ള ഒരു കൂട്ടുകാരിയുടെ  വീട്ടിലേതാണ്...







ഇത് മിക്കിമൌസ് ബെറിയുടെ പൂവ്....


Friday, December 24, 2010

സാഫല്യം...



അമ്മക്കിളിയുടെ  പ്രതീക്ഷ സഫലമായി...ചെമ്മണിമുട്ടകളിൽ ഒന്ന് വിരിഞ്ഞിരിക്കുന്നു..ഫോട്ടോഗ്രാഫർ ചെന്നു നോക്കുമ്പോൾ തോടു പൊട്ടിച്ച് പുറത്തുവന്നതേയുണ്ടായിരുന്നുള്ളു.അമ്മ അരികിലില്ലായിരുന്നു...അടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടുപേർകൂടി  പുറത്തുവരും...പക്ഷെ, അതു കാണാൻ ഫോട്ടോഗ്രാഫർ സ്ഥലത്തുണ്ടാവില്ല..പത്തുദിവസത്തെ ക്രിസ്മസ് അവധിയും കഴിഞ്ഞ് ചെല്ലുമ്പോഴേയ്ക്കും അവർ പറക്കമുറ്റിയിരിക്കും....എന്തായാലും അതു നന്നായി... കുസൃതികളുടെ ശല്യമില്ലാതെ അവർക്കു പാറ്റം പഠിക്കാമല്ലോ...







ധന്യയായൊരമ്മ...കുഞ്ഞിനു കാവലിരിപ്പാണവൾ...ഇനിയവൾക്ക് തിരക്കിന്റെ നാളുകൾ...വേഗം വളരാനായി മക്കൾക്ക് ഒരുപാട് തീറ്റവേണം.അച്ഛനും സഹായിക്കും മക്കളെ തീറ്റാൻ....

Saturday, December 18, 2010

കുസൃതിക്കുരുന്നുകൾ....



ചേച്ചിയുടെ  മുടിയൊന്ന് വലിച്ചുനോക്കട്ടെ....

ബാല്യത്തിന്റെ നിഷ്കളങ്കമായ കുസൃതികൾ  പോയ്പോയ കാലത്തിന്റെ നഷ്ടസ്മരണകളായി ,വല്ലാത്തൊരു ഗൃഹാതുരതയായി...ഒരിക്കൽക്കൂടിയാ  വഴികളിലൂടെ  നടക്കാൻ  വെറുതെയൊരു മോഹം...

Thursday, December 16, 2010

പ്രതീക്ഷ...




അമ്മക്കിളി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് , മുട്ടകൾ വിരിയാൻ...ചെമ്മണിച്ചുണ്ടുകൾ പിളർത്തി ‘അമ്മേ, വിശക്കുന്നു..’എന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങളുണ്ടാകാൻ..പറക്കമുറ്റുംവരെ അവരെ കണ്മണിപോലെ കാത്തുസൂക്ഷിക്കാൻ....

ഒപ്പം എനിക്കും ആശങ്കയോടെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു...ചെമ്മണിമുട്ടകൾ വിരിഞ്ഞ് ആപത്തൊന്നുമില്ലാതെ ആ കുഞ്ഞുങ്ങൾ പറന്നുപോകുമോ? കാരണം അമ്മക്കിളി കൂടുകൂട്ടിയിരിക്കുന്നത് ആയിരത്തിലേറെ വികൃതിക്കുരുന്നുകൾ പഠിക്കുന്ന ഒരു വിദ്യാലയമുറ്റത്തെ അരമീറ്റർപോലും പൊക്കമില്ലാത്ത വേലിച്ചെടിയിലാണ്.ഒരു കുഞ്ഞുവിരലാ കൂട്ടിലേയ്ക്ക് നീണ്ടാൽ....അമ്മയുടെ പ്രതീക്ഷകൾ അതോടെ തീരും...അമ്മയുടെ പ്രതീക്ഷകൾ സഫലമാകാൻ പ്രാർഥനയോടെ...

ഇരട്ടത്തലച്ചി [Red whiskered bulbul ] എന്ന മണ്ടൻപക്ഷിയുടെ കൂടാണിത്..ഇവയ്ക്ക് കൂടുകൂട്ടാൻ ഒളിവും മറവും ഒന്നും വേണ്ട, പറമ്പിൽ കൂട്ടിയിട്ട ഇല്ലിക്കൂട്ടത്തിലും വീട്ടുമുറ്റത്തും വാഴയുടെ ഉണങ്ങി താണുകിടക്കുന്ന ഇലകളിലും തീരെ താഴ്ഭാഗത്ത് ഇങ്ങനെ കൂടൊരുക്കുന്നതിനാൽ പത്തിലൊന്നു കൂടുപോലും രക്ഷപ്പെടാറില്ല..

Saturday, December 11, 2010

കിണർ...



കാരണവന്മാർ കുന്നിനു മുകളിൽ പ്രകൃതിയെ നശിപ്പിക്കാതെ ചെറിയ വീടു വച്ചു..കിണറും തീർത്തു....അവരുടെ മനസ്സിൽ നന്മയുണ്ടായിരുന്നു..അവർക്ക് അറിവും വിവേകവും ഉണ്ടായിരുന്നു...കുന്ന് ജലസംഭരണിയാണെന്നും,   തന്റെ കിണറിൽ അറ്റ വേനലിലും  ഈ സംഭരണി ജലമേകുമെന്നും അവർ തിരിച്ചറിഞ്ഞു..
കാരണവന്മാർ  കുന്നും വീടും കിണറുമൊക്കെ സ്നേഹപൂർവ്വം അനന്തരാവകാശികൾക്ക് നൽകിയിട്ട് 
മണ്ണു വിട്ടു പോയി...ദുര മൂത്ത പുതു തലമുറയ്ക്ക് കാണാനായില്ല കാരണവന്മാരുടെ വിവേകം..അവർക്ക് വീടെടുക്കാൻ കുന്നിനെ നിരപ്പാക്കണമത്രേ!!      പണം എന്ന മന്ത്രം മാത്രം ജപിക്കുന്ന അവർ കുന്ന് മണ്ണാക്കി വിറ്റു കീശയിലാക്കി...അപ്പോൾ ദാഹജലമേകിയ കിണർ ഈ അവസ്ഥയിലുമായി...അതിനിനി വെള്ളം സംഭരിക്കാനാകുമോ?...വെള്ളമേകേണ്ട കുന്നെവിടെ???
നാളെ വരും തലമുറ ചോദിക്കും, എന്റെ കുന്നെവിടെ ?കുടിവെള്ളം സംഭരിക്കുന്ന കുന്നുകൾ കാരണവന്മാർ നിങ്ങൾക്ക് കൈമാറിയിരുന്നില്ലേ??..അവ ഞങ്ങൾക്ക് കൈമാറാതെ നിങ്ങൾ വിറ്റു തിന്നില്ലേ? ...

Sunday, December 5, 2010

ഇലകൾ പച്ചയല്ല...


























Saturday, November 27, 2010

ആൽബട്രോസും.ചോലവിലാസിനിയും..


ലവണം നുണയൽ[Mud puddling]




 മങ്ങിയ മഞ്ഞനിറമുള്ള ആൽബട്രോസ് പൂമ്പാറ്റകൾ എല്ലാവർഷവും ലക്ഷക്കാണക്കിനു വരുന്ന സംഘങ്ങളായി ദേശാടനം നടത്തുന്നവയാണ്...ആറളം കാട്ടിലൂടെയുള്ള ഇവയുടെ ദേശാടനം സർവ്വെചെയ്തപ്പോൾ ഈ വർഷം 3 മണിക്കൂറിൽ അര ലക്ഷത്തോളം എണ്ണം ഒരു പോയന്റ് കടന്നു പോയി. അണമുറിയാത്ത ഒരു അരുവി വായുവിലൂടെ ഒഴുകിപ്പോകുമ്പോലത്തെ ആ കാഴ്ച ഒരത്ഭുതമായിരുന്നു...ഒപ്പം ആയിരക്കണക്കിന് പൂമ്പാറ്റകൾ പുഴയോരത്തെ ഉപ്പുരസം നുണയാൻ നിരന്നിരിക്കുന്ന മറ്റൊരത്ഭുതവും.....ഇവർക്കൊപ്പം ദേശാടനം നടത്തുന്ന അനേകം പൂമ്പാറ്റകളിൽ ചോലവിലാസിനിയും ഉണ്ട്..നാട്ടിൻ പുറങ്ങളിൽ കാണുന്ന വിലാസിനിയുടെ ബന്ധുവാണ്
 ചോലവിലാസിനി..ചുവന്ന ബോർഡറുള്ള മഞ്ഞ സാരിയുമുടുത്ത് വിലാസവതിയായ ഒരു സുന്ദരിയെപ്പോലെ അലസമായി കറങ്ങി 
 നടക്കുന്നതിനാലാണ് ഇവൾക്ക് വിലാസിനി എന്ന പേരുവന്നത്

Sunday, November 14, 2010

ദശകൂപസമോ വാപി...



ഒരിക്കലും ജലക്ഷാമം അനുഭവപ്പെടാതിരുന്ന ഒരു നാടായിരുന്നു നമ്മുടേത്... അതിൽ ഒരു മുഖ്യ പങ്ക് കുളങ്ങൾ വഹിച്ചിരുന്നു...വലിയ പറമ്പുകൾ, വയലോരങ്ങൾ ,ക്ഷേത്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വിശ്വാസങ്ങളുടെ ഭാഗമായി നിലനിർത്തിയിരുന്ന കാവും കുളവും ശാസ്ത്രീയമായ ശുദ്ധജലസംഭരണികളായിരുന്നു. പെയ്യുന്ന മഴവെള്ളത്തിന്റെ 90%വും സംഭരിച്ച് , കാവ്  കുളങ്ങളിൽ വർഷം മുഴുവൻ ജലമേകി..ഈ ജലംതന്നെ വയലിൽ നൂറുമേനിയായി വിളയാൻ സഹായിച്ചു...ഇന്ന് കാവുകളൊക്കെ വെട്ടിമാറ്റി,കുളങ്ങളൊക്കെ നികത്തി പുത്തൻ വികസനങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ,നഷ്ടമായിക്കൊണ്ടിരിക്കുന്നത് കുടിവെള്ളവും അന്നവുമാണ്  ;  ഒപ്പം നമ്മോടൊപ്പം ജീവിക്കാൻ അവകാശമുള്ള , നമ്മുടെ ജീവന് താങ്ങാവുന്ന ഒരുപാട്  ജീവികൾക്ക് ആ‍വാസവും നഷ്ടമാകുന്നു....

Sunday, November 7, 2010

പുലരിവന്നു വിളിച്ചനേരം...


വയനാടൻ കാട് മൂടൽമഞ്ഞിന്റെ നേത്ത പട്ടുകമ്പളവും പുതച്ച് ഉറങ്ങുകയായിരുന്നു...പുലർകാലസൂര്യൻ വന്നുവിളിച്ചപ്പോൾ മെല്ലെ പുതപ്പുനീക്കി എണീക്കാനൊരുങ്ങുന്ന കാനനസുന്ദരി...

Tuesday, November 2, 2010

വള്ളിയതിരാണി...



അതിരാണിപ്പാടത്തെപ്പറ്റി എഴുതിയ പൊറ്റെക്കാട്...ഒരു ജലസൂചകമാണീ  ചെടി.ഇതു വളരുന്നയിടത്ത് വെള്ളം ഉണ്ടായിരിക്കും...വെള്ളത്തിലെ വിഷമാലിന്യങ്ങൾ വലിച്ചെടുത്ത് ജലം ശുദ്ധീകരിക്കുകയും ചെയ്യുന്നു..

അതിരാണി പലയിനങ്ങളുണ്ട്...കുറ്റിച്ചെടിയായി വളരുന്ന സാധാരണ അതിരാണി,വളരെ ചെറിയ ചെടിയായി വളരുന്ന ചിറ്റതിരാണി,പിന്നെ വള്ളിയതിരാണി...ഇത് വീട്ടിലെ ചെടിച്ചട്ടിയിൽ പടർന്ന വള്ളിയതിരാണി...


Friday, October 29, 2010

ടോർച്ചടിച്ചതാര്.....


 

കാ‍ട്ടുപാതയോരത്ത് ടോർച്ചടിച്ചതുപോലെ  സൂര്യൻ പ്രഭാതകിരണങ്ങൾ വാരിത്തൂകിയപ്പോൾ...

Monday, October 18, 2010

അഭയം...

ഉണങ്ങിക്കഴിഞ്ഞിട്ടും  കാട്ടിലെയീ മരം കിളികൾക്ക് അഭയം നൽകുന്നു... ജീവിതമാകെയും പരോപകാരം ചെയ്ത് ,ഉണങ്ങിയാലും തണലായി ,പൊടിയും മുമ്പ് പിന്നെയും സൂക്ഷ്മജീവികൾക്ക് ആഹാരമായി, പിന്നെ മണ്ണിലെ വളമായി ജീവാംശമായിമാറി , കായിലും കനിയിലുകൂടി നമ്മുടെ ജീവനായി മാറുന്ന  ജീവവൃക്ഷങ്ങൾ....

Saturday, October 16, 2010

പൂച്ചക്കണ്ണുകൾ...



ഇത് വെള്ളച്ചിയുടെ സുന്ദരൻ കണ്ണുകൾ..
നീലരത്നക്കല്ലുകൾ തന്നെ..

പൂച്ചക്കണ്ണുകൾ നിറങ്ങളിൽ ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നവയാണ്....കുറച്ചു ചിത്രങ്ങൾ ഇതാ..വീട്ടിലെ പൂച്ചകളുടെ പുറകെ നടന്നിട്ട് കിട്ടിയതാ...








ഇതു   സുന്ദരന്റെ കണ്ണുകൾ !!!








ഇത് ടിങ്കു എന്ന വികൃതിക്കുട്ടിയുടെ 







മഞ്ഞയിൽ പച്ചക്കല്ലു പതിച്ച മഞ്ഞച്ചിയുടെ കണ്ണുകൾ...












ഇത് ചിന്നുക്കുട്ടീടെ സ്റ്റൈലൻ കണ്ണുകൾ...












ഇതെന്തു കിണാപ്പാ ഈശ്വരാ...എന്നെ കൊല്ലാനാണോ?..

 ജൂനിയർ കുട്ടൂസൻ ഭയഭീതിയോടെ ക്യാമറ നോക്കുന്നു...










ഗ്ലാസ്സി ഐ...





Wednesday, October 13, 2010

.മന്ദാരച്ചെപ്പുണ്ടോ....


മന്ദാരപ്പുക്കൾ പലതരമുണ്ട്..മഞ്ഞയും പിങ്കും...ഇതിന്റെ ഇലകൾ ഒന്നാംതരം കാലിത്തീറ്റയാണെന്നു മാത്രമല്ല,വളരെ വേഗത്തിൽ മണ്ണിലലിഞ്ഞ്  നൈട്രജനും നൽകുന്നു...മഞ്ഞമന്ദാരത്തിന്റെ ഇല ഉപ്പേരിയാക്കാം....പിങ്ക് മന്ദാരത്തെ കോവിദാരം എന്നാണ് വിളിക്കുക....



Saturday, October 9, 2010

തുള്ളന്മാർ....


ഇവൻ/ൾ പച്ചത്തുള്ളൻ. പുൽച്ചാടിയെ ഞങ്ങൾ ഇങ്ങനെ വിളിക്കാറുണ്ട്.ഇവർക്കൽ‌പ്പം പരിപാവനമായ ഒരു ഇമേജുണ്ട്.ലക്ഷിദേവി ഇവർക്കൊപ്പം എപ്പൊഴുമുണ്ടാകുമത്രെ..അതിനാൽ ദ്രോഹിക്കരുതെന്നും ഓടിക്കരുതെന്നുമൊക്കെ പ്രായമായവർ പറയാറുണ്ട്.മുസ്ലീം മതവിശ്വാസികളും ഇവനെ പള്ളിപ്പശു എന്നു വിളിച്ച് സംരക്ഷിച്ചിരുന്നു.. പക്ഷെ ഇന്ന് പുല്ലും പറമ്പിലെ മറ്റു പച്ചപ്പും ചെത്തിക്കോരി തീയിടുമ്പോൾ,വിഷം വാരിത്തുവുമ്പോൾ  ഭൂമിയുടെ ഈ അവകാശി എവിടെപ്പോകും?...







ഒരുപാടിനം തുള്ളന്മാരുണ്ട്...പച്ചയും തവിട്ടും പുള്ളിയുള്ളവയും വലുപ്പമേറിയവയും കുഞ്ഞന്മാരും പരന്ന ചിറകുള്ളവരും ഇലപോലുള്ള ചിറകുള്ളവരുമൊക്കെ...കുറച്ചുപേരെ ഇതാ ഇവിടെ...
















Friday, October 8, 2010

ഇലപ്രാണി...


 ഇലപോലെ ചിറകുള്ള ഈ വിരുതൻ ഇലകൾക്കിടയിലിരുന്നാൽ മറ്റൊരിലയാണെന്നേ തോന്നൂ.അതിനാൽ ഇരപിടിയന്മാരുടെ കണ്ണിൽ‌പ്പെടാതെ രക്ഷപ്പെടുന്നു..പച്ചില മാത്രമല്ല ഉണക്കിലപ്രാണിയുമുണ്ട്..ജന്തുലോകത്തെ വിസ്മയകരമായ അനുകരണങ്ങളിൽ ഒന്നാണിത്.സസ്യഭാഗങ്ങളെയും മറ്റു ജീവികളെയുമൊക്കെ സമർഥമായി രൂപഭാവാദികളിൽ അനുകരിച്ച് ഈ പാവങ്ങൾ ജീവരക്ഷ നേടുന്നു...

ഇവൻ ഞങ്ങളുടെ കമ്പ്യൂട്ടർ വയറിൽ വന്ന് ഇരിക്കുകയായിരുന്നു ...

Tuesday, October 5, 2010

ആകാശപൊന്നൂഞ്ഞാലിലാടാൻ...

Friday, October 1, 2010

ഇതും വീടാണ്....

തൃശൂർ എരയാംകുടിയിൽ  നൂറുമേനി കൊയ്യുന്ന നെൽ‌പ്പാടങ്ങളെ ഇഷ്ടികക്കളങ്ങളാക്കി  മാറ്റാൻ വേണ്ടി അന്യ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ കൊണ്ടുവന്നപ്പോൾ അവർക്ക് താമസിക്കാനായി മുതലാളിമാർ ഒരുക്കിക്കൊടുത്ത വീടുകളാണിവ...അച്ഛനമ്മമാരും കുട്ടികളുമടങ്ങുന്ന ഒരു കുടുംബം മുഴുവൻ താമസിച്ചിരുന്നത് നായ്ക്കൂടു പോലുള്ള ഒരു കൊച്ചു മുറിക്കകത്തായിരുന്നു..അങ്ങനെ നിരനിരയായി ഒരുപാട് വീടുകൾ..അവിടെ അടിമകളെപ്പോലെ കഴിയാൻ കുറേ മനുഷ്യജന്മങ്ങളും...ഇങ്ങനേയും ഇവിടെ ഈ കേരളത്തിലും....ആർക്കൊക്കെയോ പണം വാരിക്കൂട്ടാൻ ഈ ജീവിതങ്ങൾ പൊലിഞ്ഞുതീരുന്നു...

Monday, September 20, 2010

കേളിപാത്രം...


ഒരു മണിയും മുട്ടിക്കൊണ്ട് വായമൂടിക്കൊണ്ട്  ഒരു ലോഹത്തകിടും കെട്ടി കണ്ണൂർജില്ലയുടെ വടക്കൻപ്രദേശങ്ങളിൽ കന്നിമാസമായാൽ കേളിപാത്രം വീടുകൾ തോറും കയറി ഭിക്ഷാടനം നടത്താറുണ്ടായിരുന്നു...വേഷം അഴിക്കുംവരെ മിണ്ടില്ല..കയ്യിൽ വലിയ ഒരു ഭിക്ഷാപാത്രം ഉണ്ടാകും ..ആളുകൾ പണവും അരിയും നൽകി അനുഗ്രഹം വാങ്ങും...ശിവൻ ഭ്രഹ്മഹത്യാപാപം തീരാനാണത്രെ ഇങ്ങനെ ഭിക്ഷതെണ്ടി നടക്കുന്നത്...ചോയി  ജാതിയിൽ പെട്ടവർക്കാണ് ഈ വേഷം കെട്ടാൻ അനുമതിയുള്ളത്.
ഇന്ന് കേളിപാത്രങ്ങൾ നാട്ടിലിറങ്ങുന്നത് അപൂർവ്വമെങ്കിലും കുന്നുസംരക്ഷണസന്ദേശം പ്രചരിപ്പിക്കാനായി  ശിൽ‌പ്പിയും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനം കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് കേളിപാത്രം കെട്ടിയപ്പോൾ..

Friday, September 17, 2010

വാൽമീകം...

മാ നിഷാദ....എന്നു പാടിയ ആ പഴയ കാട്ടാളന്റെ കഥയാണ് വാൽമീകങ്ങൾ കാണുമ്പോൾ ഓർമ്മവരിക...കാട്ടിലും നാട്ടിലും മണ്ണ ജീവനുള്ളതാകുമ്പോളാണ് വാൽമീകങ്ങൾ മുളച്ചുപൊന്തുക...ഇന്നിവ അപൂർവ്വങ്ങളാണ്,.കാരണം മണ്ണ് മരിച്ചുകൊണ്ടിരിക്കുകയാണ്.....വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽനിന്ന് ഒരു ദൃശ്യം...

Sunday, September 12, 2010

റോസ്....

ഒരു ചെമ്പനീർ പൂ പറിച്ചു ഞാനോമലേ...

Friday, September 10, 2010

ഹരിണം....

ആരാ വരുന്നേ?...
തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ഒരു ദൃശ്യം...

Tuesday, September 7, 2010

ഓട്ടപ്പാത്രം.....

കണ്ണൂർ ജില്ലയിലെ സുന്ദരവും ജൈവസമ്പന്നവുമായ ഒരു കുന്നാണ് കൊട്ടത്തലച്ചിമല .നിറയെ കരിങ്കല്ലുകൾ നിറഞ്ഞ ഈ മലയുടെ മറ്റൊരു പ്രത്യേകത വലിയൊരു ജലസംഭരണിയാണിത് എന്നതാണ്..   അപൂർവ്വസുന്ദരമായ ഈ മലനിരയ്ക്ക്  ചിലർ പണക്കൊതിമൂത്ത് മരണമണി മുഴക്കിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ജീവിതത്തിനും കുടിവെള്ളത്തിനും ഒരേയൊരാശ്രയമായ കൊട്ടത്തലച്ചിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ സഹായിക്കണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ചെന്നതായിരുന്നു ഞങ്ങൾ..ചെന്നപ്പോൾ കണ്ടതോ!...നൂറുനൂറു ദ്വാരങ്ങളിലൂടെ വെള്ളം ചോർന്നൊലിക്കുന്ന വമ്പനൊരു ഓട്ടപ്പാത്രം പോലെ നിൽക്കുന്ന ഒരൂക്കൻ മലയെ..ഈ ചോർന്നൊലിപ്പാണത്രെ അവിടത്തുകാരുടെകുടിവെള്ളമായി കിണറുകളിലെത്തുന്നത്..മാഫിയകൾ നൂറുകണക്കിനേക്കർ സ്ഥലം വാങ്ങിക്കൂട്ടുകയാണിവിടെ..വരാൻ പോകുന്നത് കരിങ്കൽ ക്വാറികളും ക്രഷറുകളും ...പിന്നെയും എന്തൊക്കെയോ വരാനിരിക്കുന്നു...സ്ഫോടനങ്ങൾ തുടങ്ങിക്കഴിഞ്ഞു..നാട്ടുകാർക്കാകുമോ തങ്ങളുടെ ജീവൻ നില നിർത്തുന്ന ഈ ജലസംഭരണി... ഈ ഓട്ടപ്പാത്രം കാത്തു രക്ഷിക്കാൻ....

Sunday, September 5, 2010

സന്തുഷ്ടകുടുംബം...

കർണ്ണാടക ഫോറസ്റ്റ് ക്വാർട്ടേർസിലെ [ചീക്കാട്] വനപാലകർ  പോറ്റിവളർത്തുന്ന ഒരു കുടുംബം..!!!...

Wednesday, September 1, 2010

സല്ലാപം.....

മേഘങ്ങൾ താഴ്ന്നുവന്ന് മലയോട് സല്ലപിക്കുകയാണ്.എന്തൊക്കെയാണവർ പറയുന്നത്?...മഴമേഘങ്ങളും തണുത്തകാറ്റും കോടയുമൊക്കെ നിറഞ്ഞയൊരു സായാഹ്നത്തിൽനിന്നും ഒപ്പിയെടുത്ത ഒരു ദൃശ്യം.. കണ്ണൂർ പുളിങ്ങോമിനടുത്ത കൊട്ടത്തലച്ചിമലയുടെ മുകളിൽ നിന്നും നോക്കിയാൽ കിഴക്കുഭാഗത്തുകാണുന്നതാണ് ഈ ദൃശ്യസൌന്ദര്യം....

Friday, August 27, 2010

കൊച്ചുമാവേലിയും കൂട്ടുകാരും.

ഓണത്തിന് നാടുകാണാനും പിന്നെ ചെലവിനിത്തിരി കാശിനുമിറങ്ങിയ കൊച്ചുമാവേലിയും കൂട്ടുകാരും...

Sunday, August 22, 2010

ഓണാശംസകൾ....

വറുതിയുടെ ഈ പൊന്നോണക്കാലത്ത് കള്ളവും ചതിയും സ്വാർഥതയുമൊക്കെ  നാടുവാഴുമ്പോൾ ,അരി തരേണ്ട വയലുകളൊക്കെ കോൺക്രീറ്റ് സൌധങ്ങളായി മാറ്റി 20-30 രൂപയ്ക്ക് അരി വാങ്ങേണ്ട അവസ്ഥയിൽ മലയാളി എത്തിനിൽക്കുമ്പോൾ,പ്രതീക്ഷിക്കാൻ ഒന്നുമില്ലെങ്കിലും,ഓണവും വെറുമൊരു ചന്തഓണമായി ,നന്മയുടെ നറുമണം തീരെയില്ലാത്ത മനം മടുപ്പിക്കുന്ന കൺസ്യൂമർ മേളയായി മാറിക്കഴിഞ്ഞിരിക്കുമ്പോഴും,....ഒരു കുഞ്ഞു തുമ്പപ്പൂവിൻ ചിരിയിൽ മനസ്സു നിറയുന്ന, നന്മ വറ്റാത്ത മനസ്സുകൾക്കു മാത്രം ഇന്നും ഓണസമൃദ്ധി നഷ്ടപ്പെടില്ല...എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ....




ഇതൊക്കെ GHSS Periye യിലെ കുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളങ്ങൾ’‘’


മലയാളിയുടെ ജീവിതത്തിൽ നിന്നുമീ പുഷ്പോത്സവം ഒരിക്കലും മരിക്കാതിരിക്കട്ടെ...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

Blog Archive

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP