Tuesday, June 29, 2010

കുടപ്പന...

പണ്ട് ശീലക്കുടകൾ വരുന്നതിനു മുമ്പ് ആൾക്കാ‍ർ ഇതിന്റെ ഇലകൊണ്ടുണ്ടാക്കിയ കുടയാണ് ഉപയോഗിച്ചിരുന്നത്.പണക്കാർ മാത്രമാണേ..പാവങ്ങൾ വാഴയില,ചേമ്പില തുടങ്ങിയവ കൊണ്ടാണ് മഴയെ പ്രതിരോധിച്ചിരുന്നത്...കുട കെട്ടാൻ പൂക്കണിയാൻ എന്ന ഒരു വിഭാഗം ആൾക്കാരും ഉണ്ടായിരുന്നത്രേ...പലയിനം കുടകൾ ഉണ്ട്.കൃഷിക്കാരിൽ ആണുങ്ങൾ  ഉപയോഗിക്കുന്ന കാലില്ലാത്ത തൊപ്പിക്കുടയും പെണ്ണുങ്ങൾ ഉപയോഗിച്ചിരുന്ന വലിയ കളക്കുടയും,കുട്ടികൾക്കായി കുഞ്ഞിക്കുടകൾ,അമ്പലങ്ങളിലേയ്ക്ക് ആചാരക്കുടകൾ ,അലങ്കാരക്കുടകൾ.....തുടങ്ങിയവ.
ഇതിന്റെ ഇല ഉണക്കി സംസ്കരിച്ച് താളിയോലയുമുണ്ടാക്കിയപ്പോൾ പണ്ട് മലയാളിയുടെ ജീവിതത്തിൽ കുടപ്പനയ്ക്ക് നല്ല ഒരു സ്ഥാനം ഉണ്ടായിരുന്നു..ഇന്ന് നാലും അഞ്ചും മടക്കുള്ള കുടകളുടെ കാലത്ത് ആർക്കുവേണം ഓലക്കുടയും കുടപ്പനയും...
കുടപ്പനയുടെ ഈ പൂക്കാഴ്ച കിട്ടിയത് കേരള-കർണ്ണാടക അതിർത്തിയിലുള്ള ചീക്കാട് എന്ന സ്ഥലത്തുനിന്നാണ്...

Sunday, June 27, 2010

ഈന്ത്...

 
5-8 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒറ്റത്തടിവൃക്ഷം.സൈക്കസ് സിർസിനാലിസ് ലിൻ എന്ന ശാസ്ത്രനാമമുള്ള ഈന്ത് ഒരു അനാവൃതബീജസസ്യമാണ്[angeosperm].പന്നൽച്ചെടികളുടെ ഇലകൾ പോലുള്ള ഇതിന്റെ ഇലകൾ അലങ്കാരങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.ആൺ-പെൺ വൃക്ഷങ്ങൾ വെവ്വേറെകാണപ്പെടുന്നു..ഇളം മഞ്ഞകായ്കൾ...
പ്രാചീന  സസ്യമായ ഈന്തിന്റെ കായയിലെ അന്നജം അതിവിശിഷ്ടമാണ്.ഇതു കൊല്ലത്തിൽ ഒരിക്കലെങ്കിലും കഴിച്ചാൽ മറ്റൊന്നിൽനിന്നും ലഭിക്കാത്ത പോഷകങ്ങൾ ലഭിക്കും.അത്ര മെല്ലെ വളരുന്ന സസ്യമായതിനാലാണ് ഈ വൈശിഷ്ട്യം.. ഗിരിവർഗ്ഗക്കാർ ക്ഷാമകാലത്ത് ഇതു ഭക്ഷിക്കുന്നു.ഇതിന്റെ തളിരിലയുടെ ചാറ് ഛർദ്ദി ശമിപ്പിക്കും.
     ഈന്ത് കായ്ച്ചു കാണണമെങ്കിൽ ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും..കണ്ണൂർ ജില്ലയിലെ മക്രേരി അമ്പലക്കുളക്കരയിൽ രണ്ടുവർഷം മുമ്പ് ഈന്ത് കുലച്ചപ്പോൾ...
 

Saturday, June 26, 2010

കണ്ണാന്തളിയും.....

കണ്ണാന്തളീയും കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കുന്ന ചോലകൾ ഇന്ന് അപൂർവ്വമായിക്കൊണ്ടിരിക്കുകയാണ്... ഇതിന് എക്സാക്കം ബൈക്കളർ എന്നു ശാസ്ത്രനാമം വരാൻ കാരണം പൂവിതളുകൾക്ക് രണ്ട് നിറങ്ങൾ ഉള്ളതാണ്. ഇടനാടൻ ചെങ്കൽക്കുന്നുകളിൽമാത്രം കാണപ്പെടുന്ന ഈ സുന്ദരിപ്പൂവ് കുന്നുകൾക്കൊപ്പം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്...ഓണപ്പാട്ടുകളിൽ നിറഞ്ഞുനിന്നിരുന്ന ഇത് ഓർമ്മ മാത്രമായിത്തീരാൻ അല്പകാലം കൂടി മാത്രം....
കണ്ണാന്തളിമുറ്റം...മുറ്റത്തൊരു തുമ്പ....

Wednesday, June 23, 2010

ഊട്ടി ആപ്പിൾ!!!...

ഇത് ഒരിനം ചെറിയാണ്...നനവിൽ കിളികൾക്കു ഭക്ഷണമായിത്തീരുന്ന ഈ പഴത്തിന് അല്പം പുളിരസമാണ്.അച്ചാറിടാം പഴവും തിന്നാം..

Monday, June 21, 2010

തിരനോട്ടം......

മറ്റൊരു പകലിന്റെ മഹാകഥയും ആടാനൊരുങ്ങുംമുമ്പ് ആ മഹാനടനാമാദിത്യൻ വൃക്ഷങ്ങളുടെ തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് മേഘപാളികളെ സാക്ഷിയാക്കിക്കൊണ്ട് തിരനോക്കുകയാണ്....കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒരു പുലരി.....

Saturday, June 19, 2010

മുത്തുമണികൾ.....

രാവിലെ മഴമുത്തുകളെ നോക്കാൻ പോയപ്പോൾ കിട്ടിയതാ ഈ മുത്തുമണികൾ...പച്ചിലപ്പരപ്പിൽ സൂര്യൻ നവരത്നങ്ങൾ തീർക്കുമ്പോഴുണ്ടാകുന്ന സൌന്ദര്യം നോക്കിനിൽക്കാൻ കൊതിക്കാത്തവരുണ്ടോ !.....


Wednesday, June 16, 2010

കഠാരമുനകൾ.....

ചെറുപ്പത്തിൽ ചൂരൽക്കഷായത്തിന്റെ ചൂടറിഞ്ഞിട്ടുണ്ടോ?...ചൂരൽ  കത്തിമുനകൾപോലുള്ള ഈ മുള്ളുകൾ അലങ്കാരമാക്കിയിരിക്കുന്നതു പക്ഷെ ,സ്വരക്ഷയ്ക്കുവേണ്ടിമാത്രമാണേ..

Sunday, June 13, 2010

പനി വരുന്ന വഴികൾ...

എന്താ ചെയ്ക...ഈ മനുഷ്യർ ചെയ്യുന്ന ഓരോ വൃത്തികേടുകൾ കണ്ടില്ലേ...ഇതൊരു ആസ്പത്രിക്കാർ ചെയ്ത പണിയാ .കച്ചറകളത്രയും പൊതുസ്ഥലത്തിട്ട് ആൾക്കാരിൽ രോഗം പരത്തി...എന്താ പറയാ..പൊതുസ്ഥലങ്ങൾ ഞങ്ങൾ മിണ്ടാപ്രാണികൾക്കും കൂടിയുള്ളതാണെന്ന വിചാരമില്ലെന്നതോ പോട്ടെ ,അവനവനും മക്കൾക്കുമൊക്കെ ആരോഗ്യത്തോടെ ജീവിക്കണമെന്നെങ്കിലുമോർക്കണ്ടേ...ഇങ്ങനെയിവർക്കിപ്പോൾ പലതരം പനികളും വരുന്നുണ്ടത്രെ...എന്നിട്ടുമീ വിഡ്ഡികൾ പഠിക്കുന്നില്ലല്ലോ...വെറുതെ മഴയേയും മറ്റു പലതിനേയും കുറ്റവും പറഞ്ഞ് ,കാശത്രയും ഡോക്ടർമാർക്കും മരുന്നുകമ്പനിക്കാർക്കും കൊണ്ടുകൊടുത്ത് ആരോഗ്യമില്ലാത്തവരായി ജീവിക്കുന്നു...കഷ്ടം തന്നെ...

Saturday, June 12, 2010

അശോകം ......

ഇത് അശോകം [Saracca  indicca]പണ്ട് രാവണൻ ചേട്ടൻ സീതച്ചേച്ചിയെ കട്ടുകൊണ്ടുപോയി തടവിലിട്ട അശോകവനിയിലെ അശോകം തന്നെ!..സുന്ദരിമാരെ വലിയ ഇഷ്ടമാണത്രെ അശോകത്തിന്...മഹാകവികൾ പറയുന്നതാണേ...അശോകം പൂക്കണമെങ്കിൽ സുന്ദരിമാരുടെ പാദതാഡനമേൽക്കണമത്രെ..!...സ്ത്രീരോഗങ്ങൾക്കുള്ള മരുന്നാണ് അശോകം....ഭംഗിയുള്ള ഈ മരം വീട്ടുമുറ്റത്തിനൊരു അലങ്കാരമാണ്.. അശോകം തടിയിലും പൂക്കും

Thursday, June 10, 2010

ചെപ്പു തുറന്നപ്പോൾ....

 അശോകത്തിന്റെ വിത്ത്....

Sunday, June 6, 2010

ഈ പതയും പതയല്ല.....

ലയ്ക്കടിയിൽ ആരോ സോപ്പ് പതപ്പിച്ചു വച്ചതൊന്നുമല്ലിത്...! തൊഴുകയ്യൻപ്രാണി[preying Mantis] മുട്ടയിട്ടതാണ്.ജീവലോകത്തിലെ ഈ വേട്ടക്കാരൻ കാണാൻ ചെറുതാണെങ്കിലും ഇവന്റെ ചേഷ്ടകൾക്ക് അല്പം ഭയങ്കരതയുണ്ട് കാഴ്ചയിൽ. .ജീവികളെ ജീവനോടെയിവൻ കടിച്ചു മുറിച്ചു തിന്നുന്നത് കാണേണ്ടതുതന്നെയാണ്.അതിനാലിവനെ ചെകുത്താന്റെ കുതിര എന്നും വിളിക്കാറുണ്ട്.ജൈവലോകത്തിൽ പ്രാണികളുടെ എണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്ന ഇവൻ കർഷകബന്ധുവാണ്... PREYING MANTIS

ഇവനാണ് തൊഴുകയ്യൻ അല്ലെങ്കിൽ തൊഴുത[PREYING MANTIS]പല നിറങ്ങളിലും വലുപ്പങ്ങളിലും ഒക്കെ ഇവയെ കണ്ടുവരുന്നു..കണ്ടാൽ അയ്യോ പാവം ....ഇടയ്ക്കിടെ മുൻകയ്യുകൾ ചേർത്തുവച്ച് തൊഴുതു പ്രാർഥിക്കുന്നതുപോലെ കാണിക്കുന്നതു കണ്ടാൽ എന്തു സാത്വികൻ എന്നു തോന്നിപ്പോകും .എന്നാൽ പ്രാണികളെയിവൻ പിടിച്ചുതിന്നുന്നതു കണ്ടാൽ ഞെട്ടിപ്പോകും.നനവിൽ വച്ച് ഒരിക്കലിവൻ കൂട്ടുകാരിയെ പാടിമയക്കുകയായിരുന്ന ഒരു ചീവീടിനെ പച്ച ജീവനോടെ കടിച്ചുമുറിച്ചു തിന്നു..

Saturday, June 5, 2010

നീല അടയ്ക്ക..!!!

ORKKID-1

അടക്കയൊന്നുമല്ല ഇത്…ഒരിനം ഓർക്കിഡ് ആണ്.കേരള –കർണ്ണാടക ബോർഡറിലുള്ള കോട്ടഞ്ചേരീയിലെ നിത്യഹരിതവനത്തിൽ നിന്ന്….

Friday, June 4, 2010

CLIPPER.....


Tuesday, June 1, 2010

വേട്ട….


ഇത് വെള്ളച്ചി…നനവിലെ പൂച്ചക്കൂടുംബത്തിലെ ഒരംഗം. ഇവൾ പ്രസവിച്ചിരിക്കുകയാണ്.രണ്ടുകുഞ്ഞുങ്ങൾ ഉണ്ടായിരുന്നതിൽ ഒന്ന് ആരോഗ്യമില്ലാതെ ചത്തുപോയി.പൂച്ചകൾ ആരോഗ്യം ശരിയാക്കാൻ പ്രസവിച്ച ശേഷം വേട്ടയാടൽ അധികമായിരിക്കും എന്നു തോന്നുന്നു.നമ്മൾ നൽകുന്ന ആഹാരത്തിലെ അപൂർണ്ണതകൾ പരിഹരിക്കാനാണിത്.
ഈ ഓലേഞ്ഞാലിക്കുഞ്ഞിനെ ഇവൾ വേട്ടയാടിയതൊന്നുമല്ല ,കേട്ടോ.നനവിലെ തന്നെ മറ്റൊറു പൂച്ചയാണ് കരിമ്പിച്ചി.അവളും പ്രസവിച്ചിരിക്കുകയാ.മൂന്നു മിടുമിടുക്കൻ കുട്ടികളുണ്ടവൾക്ക്.ഇവിടെ പ്രമാണിത്തം വെള്ളച്ചിക്കായതിനാൽ  മഹാമടിച്ചിയും സൂത്രശാലിയുമായ അവൾ കരിമ്പിച്ചി വേട്ടയാടുന്നതൊക്കെ തട്ടിയെടുക്കും.പാവം കരിമ്പിച്ചി.കഷ്ടപ്പെട്ട് പക്ഷിയേയും ഓന്തിനേയുമൊക്കെ വേട്ടയാടിക്കോണ്ടുവന്നിട്ട് തിന്നാൻ പോയിട്ട് രുചി നോക്കാൻ കൂടി കിട്ടില്ല…. karimpichi
                                                                                                                      ഇവൾ കരിമ്പിച്ചി
KITY1

വെള്ളച്ചിയുടെ മക്കൾ.രണ്ടിനും ആരോഗ്യം കുറവാ..കാലിനാണ് ബലക്ഷയം.ചൊട്ടച്ചി ചത്തുപോയി….
കരിമ്പിച്ചിയുടെ മക്കൾ. നടുക്കുള്ളവൻ മീശമാധവൻ.മഹാകുരുത്തം കെട്ടവനാ..
ഇപ്പോളിവർ നാലുപേരും രണ്ടമ്മമാരുടെയും പാൽ കുടിച്ചാണ് വളരുന്നത്!!…..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP