Thursday, July 29, 2010

കരിങ്കുറിഞ്ഞി...

പുഷ്പിക്കുന്ന കാലയളവിന്റെ ദൈർഘ്യവും പൂവിന്റെ നിറവും അടിസ്ഥാനമാക്കി നിരവധിയിനം കരിങ്കുറിഞ്ഞികളുണ്ട്.
കുടുംബം അക്കാന്തേസീ.
ശാ.നാമം 1.സ്ട്രോബിലാന്തസ് ഹെയ്നിയാനസ്.
                2.സ്ട്രോബിലാന്തസ് കുന്തിയാനസ്.
സംസ്കൃതനാമം സഹചര.ഏകദേശം 180 സെ.മീ.വരെ ഉയരം വയ്ക്കുന്ന വനസസ്യങ്ങൾ. നാട്ടിലും വളരും.പൂക്കൾ നീല പർപ്പിൾ മഞ്ഞ തുടങ്ങിയ ഇനങ്ങൾ..ഇലയുടെ ഞരമ്പുകൾ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നവയാണ്...
വാതരോഗങ്ങൾ ശമിപ്പിക്കും.രക്തം ശുദ്ധീകരിക്കും.ചൊറി.ചിരങ്ങ്,വ്രണങ്ങൾ എന്നിവ ശമിപ്പിക്കും. വാജീകാരിയാണ്.സ്വരസം കുടിക്കുന്നതും ഇല ലേപനം ചെയ്യുന്നതും ചൊറി,കുഷ്ഠം എന്നിവയ്ക്ക്.ഇല അരച്ച് പല്ലിന്റെ ദ്വാരത്തിൽ വച്ചാൽ വേദന ശമിക്കും.പ്രമേഹത്തിന് സ്വരസം 10 മി.ലി. വീതം രണ്ടുനേരം കുടിക്കുന്നത് നല്ലത്.ഇല അരച്ച് പുരട്ടുന്നതും സമൂലം കഷായമാക്കുന്നതും വാതത്തിന്.
ഭംഗിയുള്ള കുറ്റിച്ചെടിയാണ്.മനോഹരമായ പൂക്കൾ .ഉദ്യാന സസ്യമാക്കാം. പശുവിന് ഇഷ്ടമാണ്.പച്ചില വളവുമാക്കാം.വേലിയ്ക്കൽ നടാം...

Saturday, July 24, 2010

കാന്താരി...

ഇത് ഗാന്ധാരദേശത്തു നിന്നും വന്ന് നമ്മുടെ കറികൾക്കും പലഹാരങ്ങൾക്കും രുചിയും മണവും ഗുണവും വർദ്ധിപ്പിക്കുന്ന സുന്ദരിക്കുട്ടി...ചില സുഹൃത്തുക്കൾക്ക് ഒരു കാന്താരിയും ഒരു കട്ട ഉപ്പും മതി ഒരു കിണ്ണം കഞ്ഞി കുടിക്കാൻ. കാന്താരി ചതച്ചു ചേർത്ത ചമ്മന്തിയുടെ ഒരു സ്വാദേ..[വായിൽ കപ്പലോടിക്കാം..]ചുവന്ന മുളകിനു പകരം കറികളിൽ ചേർക്കാം..കൊളസ്റ്റ്രോൾ കുറയ്ക്കുമെന്നും പറഞ്ഞുകേൾക്കുന്നുണ്ട് .എന്നുവച്ച് എരിവ് അധികമായാൽ അത്ര നന്നല്ല കേട്ടോ,കുടലിൽ വ്രണങ്ങളും അസിഡിറ്റിയും മലബന്ധവും മറ്റുമുണ്ടാക്കും...
 

 
 
കടിക്കല്ലേ...
കിളികളുടെ ഇഷ്ട ഭക്ഷണം കൂടിയാണ്.ബുൾബുൾ, കുയിൽ,കുട്ടുറുവൻ തുടങ്ങിയവർ കാന്താരിയുടെ വിരുന്നുകാരാണ്....


കാന്താരിപ്പൂവ്.
ഇതിന്റെ അധികം മൂക്കാത്ത ഇലകൾ അരിഞ്ഞ് ഉപ്പേരിയാ‍ക്കാം...മൂക്കാത്ത കാന്താരിയും ഉപ്പേരിയാക്കാം..ധാരാളം ഫൈബറുകൾ,പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയവയൊക്കെയുണ്ട്...
 

ജ്വാല....

പൂച്ചവാൽ പൂവിൽ പ്രഭാതസൂര്യൻ ചെന്തീക്കതിരുകളാൽ തിളക്കമേകിയപ്പോൾ....

Saturday, July 17, 2010

നട കാളേ നട നട....

തോളത്തു കനം തൂങ്ങും വണ്ടിതൻ തണ്ടും പേറി....മറഞ്ഞുപോയിത്തുടങ്ങിയ ഈ കാഴ്ച  പ്ലാച്ചിമടയിൽ നിന്ന്...

Tuesday, July 13, 2010

ഒളിഞ്ഞും തെളിഞ്ഞും....

ഇത് തൃശൂർ ചാലക്കുടിയിലെ ആതിരപ്പള്ളി ജലപാതത്തിന്റെ ഒരു ഒളിഞ്ഞു നോട്ടം....


തെളിഞ്ഞുനോട്ടം


വിദൂരദൃശ്യം
ഈ സൌന്ദര്യം ഇനി എത്ര നാൾ...മനുഷ്യന്റെ വിവേകരഹിതമായ വികസനചിന്തകളിൽ പ്പെട്ട് മരണമണിയും കാത്ത് കിടക്കുകയാണ് ഈ അപൂർവ്വ സൌന്ദര്യം...നമ്മുടെ ധൂർത്തുകൾ ഒഴിവാക്കി, വൈദ്യുതിക്കായി പാരമ്പര്യേതരമാർഗ്ഗങ്ങൾ സ്വീകരിച്ച് നമുക്കീ അപൂർവ്വചാരുതയെയും അവശേഷിച്ച ഇത്തിരി പച്ചപ്പിനേയും,ഒരുപാട് ജീവജാലങ്ങളെയും ഒപ്പം നമ്മളെയും രക്ഷിച്ചുകൂടെ.....

Saturday, July 10, 2010

മൂട്ടിൽ‌പ്പൂവ്....

ഈ കാനന സുന്ദരിയെ കണ്ടിട്ടുണ്ടോ?..മൂട്ടീൽ‌പ്പഴമരത്തിന്റെ കൊമ്പിലൊ ശാഖാഗ്രത്തിലോ അല്ല തടിയുടെ മൂട്ടിലാണ് പൂവും കായും ഉണ്ടാകുക..തടി നിറയെ പിങ്കു പൂക്കളുമായി ഈ മരം നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാണ്

Friday, July 9, 2010

പൊയ്കയിൽ മുഖംനോക്കി....


പൊയ്കയിൽ...നീർപ്പൊയ്കയിൽ..
മുഖം നോക്കി നോക്കി....നീയെത്രസുന്ദരി ഘനശ്യാമയാം കാനനസുന്ദരീ...
തട്ടേക്കാട് വനംവകുപ്പ് ഡോർമിറ്ററിക്കരികിൽനിന്നും ഒരു ദൃശ്യം...

Wednesday, July 7, 2010

മേന്തോന്നി [ഗ്ഗ്ലൊരിയൊസ്സ]...

ശാ.നാമം‌-ഗ്ലോറിയോസ സുപെർബ .കുടുംബം ലില്ലിയേസീ.
മനോഹരമായ പൂക്കളോടു കൂടിയ ഈ വള്ളിച്ചെടി ഒരു വിഷച്ചെടിയാണ്.ഇലകളുടെ അഗ്രം നാരുപോലെ [tendrils]രൂപന്തരപ്പെട്ട് പടർന്നുവളരാൻ സഹായിക്കുന്നു.പൂക്കാലം വർണ്ണമനോഹരമാണ്.മൊട്ടുകൾ പച്ച കലർന്ന മഞ്ഞയിൽ തുടങ്ങി ക്രമേണ സ്വർണ്ണ മഞ്ഞയായി ,വിടരുമ്പോൾ മഞ്ഞയും പച്ചയുംനിറമുള്ളതായി മാറുന്നു.വിരിയുമ്പോൾ ഓരോ ദിവസവും നിറത്തിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.മഞ്ഞ കുറഞ്ഞ് കുറഞ്ഞ് ചുവപ്പായിക്കൊണ്ടിരിക്കും....
പൂവിനും കിഴങ്ങിനും വിഷമുണ്ട്. തിന്നാൽ ചത്തുപോകും.എന്നാൽ കിഴങ്ങ് സംസ്കരിച്ച് അമൂല്യമായ മരുന്നുണ്ടാക്കാറുണ്ട്.പണ്ട് പ്രസവങ്ങൾ ആശുപത്രികളിൽ എത്താതിരുന്ന കാലത്ത് നാടൻ പതിച്ചികൾ ഇത് ഉപയോഗിച്ചിരുന്നു.ഇതിനു വടക്കോട്ടും കിഴക്കോട്ടും വളരുന്ന രണ്ടു കിഴങ്ങുകളാണുണ്ടാവുക.ഇതിൽ ഒന്നുപയോഗിച്ചുണ്ടാക്കുന്ന മരുന്നിന് കുട്ടിയെ എളുപ്പത്തിൽ ഗർഭാശയത്തിൽ നിന്ന് പുറത്തെത്തിക്കാനും മറ്റെതിന് കുട്ടിയെ പുറത്തുവരാതെ പിടിച്ചു നിർത്താനും കഴിവുണ്ടത്രെ!!!...പലരും ഗർഭഛിദ്രത്തിന് ഇത് ഉപയോഗിക്കാറുണ്ട്.1 ഗ്രാം മേന്തോന്നിക്കിഴങ്ങ് അരച്ചുകുടിച്ചാൽ 3 മാസം വരെയുള്ള ഗർഭം അലസിപ്പോകുമത്രെ. എങ്കിലും അമിതരക്തസ്രാവവവും അപകടവും സംഭവിക്കാം.
ഇല ചതച്ചു പിഴിഞ്ഞ നീര് പേൻ നാശിനിയാണ്.

Monday, July 5, 2010

മണവാട്ടിയും കാട്ടുമണവാട്ടിയും...


 ഇത് മണവാട്ടിത്തവള.[ റാണാ  മലബാറിക്ക ].പട്ടുചേലയും ചുറ്റി സുന്ദരിയായി പടിഞ്ഞാറ്റമുറിയിൽ കയറി ഇരിക്കുന്നതിനാലാണ് ഇവൾക്ക് മണവാട്ടി എന്ന് പേർ വന്നത്. മലബാറിൽ ഒരു കാലത്ത് സർവ്വസാധാരണമായി ഇവളെ കണ്ടിരുന്നു.കുട്ടിക്കാലത്ത് പടിഞ്ഞാറ്റയിൽ പത്തും ഇരുപതുമൊക്കെ മണവാട്ടിമാരെ കണ്ടിരുന്നു.മഴ വരുമ്പോളുള്ള ,അന്നൊക്കെ കർണ്ണകഠോരമായി തോന്നിയിരുന്ന[ഇന്ന് കൊതിയാണ് തവളഭാഗവതർമാരുടെ പാട്ട് കേൾക്കാൻ...]കൂട്ടപ്പാട്ട് സഹിക്കാനാകാതെയും, കിണ്ടിയെ ഇവളുമാർ ടോയ്ലറ്റാക്കി വൃത്തികേടാക്കുന്നതിനാലും അന്നൊക്കെ ഇവരെ സഞ്ചിയിൽ പിടിച്ചിട്ട് റോഡിനപ്പുറത്തേക്ക് നാടുകടത്തി നോക്കുമായിരുന്നു.പിറ്റേന്ന് നോക്കുമ്പോൾ ഇവളുമാർ പടിഞ്ഞാറ്റയിൽ ഹാജരുണ്ടാകും..ഇന്നും കരിവെള്ളൂരിലെ അടുക്കളയിലും കുളിമുറിയിലുമൊക്കെയായി നാലഞ്ച് മണവാട്ടിമാർ കഴിയുന്നുണ്ട്.


 ഇവൻ സുന്ദരനല്ലേ...?

മണവാട്ടിയുടെ അടുത്ത ബന്ധുവാണ് കാട്ടുമണവാട്ടി.അത്ര നിറപ്പകിട്ടില്ലാത്ത ഇവരെ കാടുകൾ ,കാടുപിടിച്ച പറമ്പുകൾ,ചതുപ്പുകൾ വയലുകൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കാണാം.നനവിൽ ഇവ ധാരാളമുണ്ട്.ഒരുത്തനെ  പിന്തുടർന്ന് നല്ലൊരു ഷോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ ചില ചിത്രങ്ങൾ..

ഹോ..നാശം .കുറേ നേരമായി ഇവൾ  എന്റെ പിന്നാലെ വായിൽനോക്കി നടക്കാൻ തുടങ്ങിയിട്ട്.. ഒന്നു കൂട്ടുകാരിയെ പാടിമയക്കാനും സമ്മതിക്കില്ലെ.ഈ മിന്നലടിക്കുന്ന കുന്തവും കൊണ്ട് ഒന്നു പോയാട്ടെ..

കല്ലിന്മേൽ കയറിയിരുന്നാലോ...
ഈ പോസ് കൊള്ളാമോ?...
ഇവൾ പോകുന്ന ലക്ഷണമില്ലല്ലോ..ഇലയിൽ കയറി ഇരുന്നാലൊ..ഹോ..അതും പിടിച്ചോ!!!...
മരത്തിൽ കയറി രക്ഷപ്പെടാം..

Sunday, July 4, 2010

കരിങ്ങോട്ട...

ശാ.നാമം-സമാഡെര  ഇൻഡിക്ക.കുടുംബം സൈമാറുബേസീ.8 മീറ്റർവരെ ഉയരം വയ്ക്കുന്ന ചെറുവൃക്ഷം.അൽ‌പ്പം കറുപ്പുഛായയുള്ള തടിയും ഇലയും ആയതിനാൽ കരിങ്ങോട്ട എന്നു പേർ.
വാതരോഗമരുന്നാണ് കരിങ്ങോട്ട തൈലം.തൈലം പുരട്ടിയാൽ വാതവേദനയും നീർവീക്കവും  ശമിക്കും.പനിക്ക് ഇതിന്റെ തൊലിയും ചുക്കും കുരുമുളകും ചേത്ത് കഷായം ഉണ്ടാക്കാം.തടിയുടെ കാതലിൽ നിന്നെടുക്കുന്ന സത്ത് ശരീരശക്തി പ്രദാനം ചെയ്യുന്നതാണ്.വിത്ത് മാലയായി കഴുത്തിലിട്ടാൽ ആസ്മ, നെഞ്ചുവേദന ഇവ മാറും.
സോമാഡെറിൻ എന്ന ഒരു ഗ്ലൂക്കൊസൈഡ് ഇതിലുണ്ട് .തൊലിയിൽ ടെക്സാസ്റ്റെറോൾ,സ്റ്റിഗ്മാസ്റ്റെറോൾ എന്നീ രാസഘടകങ്ങൾ ഉണ്ട്.മൊത്തം കൈപ്പു രസമാണിതിന്.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP